National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മതപണ്ഡിതനുൾപ്പടെ മൂന്നുപേരെ എസ്ഐടി അറസ്റ്റ് ചെയ്തു. ഇമാം മുഹമ്മദ് ആസിഫിനെയും ഇയാളുടെ രണ്ട് സഹായികളെയും ഉത്തരാഖണ്ഡിൽ ഹൽദവാനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.
സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും പുറത്ത് വന്നിരുന്നു.
ഉമർ അടക്കമുള്ളവരുമായി വിദേശത്തുള്ള ഭീകരൻ അഞ്ച് വർഷം മുൻപേ ബന്ധം സ്ഥാപിച്ചെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക് ഉപകരങ്ങളുടെ പരിശോധനയിൽ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചത്.
National
ന്യൂഡൽഹി: ചെങ്കോട്ട ചാവേർ സ്ഫോടനത്തിൽ ഏഴാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനും ചാവേറുമായ ഉമർ നബിക്ക് അഭയം നൽകിയതിന് ഫരീദാബാദിലെ ദൗജ് സ്വദേശി സോയബിനെയാണ് ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഉമറിന് ഇയാൾ സാങ്കേതിക പിന്തുണ നൽകിയിരുന്നതായും എൻഐഎ കണ്ടെത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉമറിന് സഹായം നൽകിയ ആറുപേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുമായി ഏകോപിപ്പിച്ച് തെരച്ചിൽ തുടരുകയാണെന്നും എൻഐഎ അറിയിച്ചു.
സ്ഫോടനത്തിനു പിന്നിലെ മുഴുവൻ ഭീകരവാദികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി. ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയും മുഖ്യപ്രതികളിൽ ഒരാളുമായ കാഷ്മീർ സ്വദേശി ജാസിർ ബിലാലിനെ ഡൽഹി കോടതി പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.
അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ വൈറ്റ് കോളർ മൊഡ്യൂളുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടായേക്കും.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തോടെ പുറത്തുവന്ന വൈറ്റ് കോളർ ഭീകര ശൃംഖലയുടെ ഭാഗമായ ഡോക്ടർമാർ സമൂഹമാധ്യമങ്ങളിൽ ഭീകര ആശയങ്ങൾ പിന്തുടരാൻ തുടങ്ങിയത് 2019ലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം നടപ്പാക്കുന്നതിന്റെ രീതികൾ പുതിയ ദിശയിലേക്കു കടക്കുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പാക്കിസ്ഥാനിലുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഫേസ്ബുക്കിലും എക്സിലുമാണ് റിക്രൂട്ടർമാർ ആദ്യം കണ്ടെത്തിയത്. പിന്നീട് ടെലഗ്രാമിലെ സ്വകാര്യ ഗ്രൂപ്പുകൾ മസ്തിഷ്ക പ്രക്ഷാളനത്തിനു വേദിയാകുകയായിരുന്നു.
സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിക്കാൻ യൂട്യൂബും ഉപയോഗിച്ചിട്ടുണ്ട്.
റിക്രൂട്ട് ചെയ്യപ്പെട്ടശേഷം സിറിയയിലും അഫ്ഗാനിലുമുള്ള ഭീകരസംഘടനകളിൽ ചേരാനാണു ഡോക്ടർമാർ ആഗ്രഹിച്ചതെങ്കിലും ഇന്ത്യയിൽ തുടരാനും ഉൾപ്രദേശങ്ങളിൽ സ്ഫോടനങ്ങൾ നടത്താനും അവർ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.
National
ന്യൂഡൽഹി: രാജ്യത്തെ നിരവധി നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ രണ്ടു വർഷമായി തയാറെടുക്കുകയായിരുന്നുവെന്ന് ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ ഗനായി. രാജ്യത്തെ നടുക്കുന്ന രീതിയിൽ ഭീകരാക്രമണ പരന്പരയ്ക്കായി 2023ൽ പദ്ധതി തയാറാക്കിയെന്നും ഷക്കീൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചെങ്കോട്ടയിൽ ചാവേറായി കാർ ബോംബ് സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ കൂട്ടാളിയാണു ഗനായി. ഇരുവരും ഡോ. ആദിൽ റാത്തർ, വനിതാ ഡോക്ടർ ഷഹീൻ സയീദ് എന്നിവരും ഫരീദാബാദിലെ അൽ ഫല യൂണിവേഴ്സിറ്റിയും പരിസരവും കേന്ദ്രീകരിച്ചായിരുന്നു ഭീകരാക്രമണ പരന്പരയ്ക്കുള്ള സ്ഫോടകവസ്തുക്കൾ, രാസപദാർഥങ്ങൾ, അമോണിയം നൈട്രേറ്റ്, റിമോട്ടുകൾ, ടൈമറുകൾ, ഡിറ്റണേറ്ററുകൾ തുടങ്ങിയവ ശേഖരിച്ചത്. സ്ഫോടകവസ്തുക്കൾ വാങ്ങുന്നതിനുമുന്പായി ഇന്റർനെറ്റിലെ ബോംബ് നിർമാണ വീഡിയോകളും ലഭ്യമായ മറ്റു വിവരങ്ങളും ഉമർ പരിശോധിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിർണായക തെളിവുകൾ
ഇതിനിടെ, മുസമ്മിൽ ഷക്കീൽ ഗനായി സൂക്ഷിച്ചിരുന്ന ഗ്രൈൻഡർ മെഷീനും ചൂളയും (മെൽറ്റിംഗ് ഫർണസ്) ഫരീദാബാദിലെ ധോജ് ഗ്രാമത്തിൽ കാർ ഡ്രൈവറായ ഷബീറിന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. അമോണിയം നൈട്രേറ്റ് സൂക്ഷ്മപൊടിയാക്കി മാറ്റാനാകണം ഗ്രൈൻഡർ വാങ്ങി ഡ്രൈവറുടെ വീട്ടിൽ സൂക്ഷിച്ചതെന്നാണു പോലീസ് കരുതുന്നത്. വീട് സീൽ ചെയ്ത പോലീസ് ഷബീറിനെ ചോദ്യം ചെയ്യുന്നുണ്ട്. തന്റെ ഇളയ മകന്റെ കൈയിൽ ചൂടുപാൽ വീണപ്പോൾ അൽ ഫല ആശുപത്രിയിൽ ഡോ. ഗനായി ചികിത്സിച്ചതുവഴിയുള്ള പരിചയത്തിലാണ് സാധനങ്ങൾ വീട്ടിൽ സൂക്ഷിച്ചതെന്നാണു ഡ്രൈവറുടെ മൊഴി.
അമോണിയം നൈട്രേറ്റും യൂറിയയും മറ്റും നേരിട്ടു സ്ഫോടകവസ്തു അല്ലെങ്കിലും രാസപദാർഥങ്ങളുമായി ചേർത്താൽ ഭീകര സ്ഫോടനശേഷിയുള്ളവയാണ്. അൽ ഫല മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വാടക ഫ്ലാറ്റുകളിൽനിന്ന് 2,900 കിലോ അമോണിയം നൈട്രേറ്റും സ്ഫോടകവസ്തുക്കളും തോക്കുകളും കണ്ടെടുത്തിരുന്നു. ഒരു ഡോക്ടറുടെ ധോജിലെ വീട്ടിൽനിന്നു മാത്രം 358 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു.
സമീപവർഷങ്ങളിലെ ഏറ്റവും സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഭീകരാക്രമണ പരന്പരയ്ക്കാണു ഡോക്ടർമാർ ഉൾപ്പെട്ട വെള്ളക്കോളർ ഭീകര മൊഡ്യൂൾ തയാറെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. നവംബർ പത്തിലെ ചെങ്കോട്ട കാർ ബോംബ് സ്ഫോടനത്തിലെ ചാവേർ ഉമർ നബിയുടെ നേതൃത്വത്തിലാണ് ഭീകരസംഘാംഗങ്ങൾ സ്വമേധയാ ഇതിനായി പണം സമാഹരിച്ചത്.
ഫരീദാബാദ് അൽ ഫല മെഡിക്കൽ കോളജിലെ ഡോക്ടർമാരുൾപ്പെട്ട ഭീകരഗ്രൂപ്പിലെ അംഗങ്ങൾ സ്വയം 26 ലക്ഷം രൂപ സമാഹരിച്ചതായി കണ്ടെത്തി. ഡോ. മുസമ്മിൽ ഗനായി -അഞ്ചു ലക്ഷം, ഡോ. ആദിൽ റാത്തർ -എട്ടു ലക്ഷം, ഡോ. മുസാഫർ റാത്തർ -ആറു ലക്ഷം, ചാവേർ ഡോ. ഉമർ നബി -രണ്ടു ലക്ഷം, ഡോ. ഷഹീൻ സയിദ് -അഞ്ചു ലക്ഷം എന്നിങ്ങനെയാണു സമാ ഹരിച്ചത്.
യൂറിയയും അമോണിയം നൈട്രേറ്റും വാങ്ങുന്നതിനുള്ള ചുമതല ഡോ. മുസമ്മിൽ ഗനായിക്കായിരുന്നു. പണത്തെച്ചൊല്ലി ഉമറും മുസമ്മിലും തമ്മിൽ അൽ ഫല സർവകലാശാലയിൽ വച്ചു വഴക്കുണ്ടായതായും സ്ഥിരീകരിച്ചു. ഇതിനുശേഷമാണ് മുസമ്മിലിന് തന്റെ ചുവന്ന ഇക്കോസ്പോർട് കാർ ഉമർ നൽകിയത്. ഈ കാർ പിന്നീട് ഫരീദാബാദിൽനിന്ന് കണ്ടെടുത്തു.
ഹരിയാന ഗുരുഗ്രാമിലെ നുഹിന്റെ കടയിൽനിന്ന് 26 ക്വിന്റൽ എൻപികെ വളം മൂന്നു ലക്ഷം രൂപയ്ക്കാണു മുസമ്മിൽ വാങ്ങിയത്. സ്ഫോടനത്തിനായുള്ള ഇലക്ട്രോണിക് ഘടകങ്ങൾ ഫരീദാബാദിലെ രണ്ടു വ്യത്യസ്ത മാർക്കറ്റുകളിൽനിന്നുമാണ് വാങ്ങിയത്.
രാസവസ്തുക്കൾ തണുപ്പിച്ചു സൂക്ഷിക്കാൻ ഡീപ് ഫ്രീസറും വാങ്ങിയിരുന്നു. രാസവളം സംസ്കരിക്കുന്നതിനും സ്ഫോടനത്തിനായി മറ്റു ചേരുവകൾ ക്രമീകരിക്കുന്നതിനും മുസമ്മിലിനെയാണു ചുമതലപ്പെടുത്തിയത്.
National
ശ്രീനഗർ: ജമ്മുകാഷ്മീരിൽ വൈറ്റ്കോളർ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ശ്രീനഗറിലെ ബടമാലൂ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ടാണ് അറസ്റ്റിലായത്.
വൈറ്റ്കോളർ ഭീകരവാദ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോ ടനത്തിനു പിന്നാലെ ഭീകരാക്രമണത്തിനെതിരേയുളള പ്രതിരോധ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡൽഹി പോലീസിനോടു നിർദേശിച്ച് ലഫ്. ഗവർണർ വി.കെ. സക്സേന.
ഡോക്ടർമാരുടെ രേഖകളടക്കം സൂക്ഷിക്കുന്ന കേന്ദ്ര ഡാറ്റാബേസ് തയാറാക്കുന്നതുമുതൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ (മറ്റൊരാൾ ഉപയോഗിച്ച വാഹനം) വില്പനയിൽ വരെയുള്ള നിർദേശങ്ങളാണ് ലഫ്. ഗവർണർ പോലീസ് കമ്മീഷണർക്കും ചീഫ് സെക്രട്ടറിക്കും നൽകിയത്.
ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും മെഡിക്കൽ ബിരുദങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഡാറ്റാബേസ് തയാറാക്കി സൂക്ഷിക്കാനും നിർദേശമുണ്ട്.
മെഡിക്കൽ പ്രൊഫഷണലുകൾ വിദേശരാജ്യങ്ങളിൽനിന്നാണു ബിരുദം നേടിയതെങ്കിൽ രണ്ടാംഘട്ട പശ്ചാത്തല പരിശോധനയ്ക്ക് വിവരങ്ങൾ പോലീസിനു കൈമാറണം. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെയടക്കം വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായും ഫിനാൻസർമാരുമായും കൂടിയാലോചന നടത്തണം. വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമ യഥാർഥ ഉടമയേക്കാൾ വ്യത്യസ്തമാണെങ്കിൽ ഒരു കാരണവശാലും വാഹനം നിരത്തിലിറക്കാൻ അനുവദിക്കരുതെന്നും ലഫ്. ഗവർണർ നിർദേശിച്ചിട്ടുണ്ട്.
നിശ്ചിത അളവിൽ കൂടുതൽ അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങൾ ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കാനും നിർദേശമുണ്ട്. ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്ന തീവ്രവത്കരണ ഉള്ളടക്കങ്ങൾ ശാസ്ത്രീയമായി ട്രാക്ക് ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ തലവന്മാരുമായി കൂടിയാലോചന നടത്തണം.
റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളും തിരക്കേറിയ ചന്തകളും കർശനമായ സുരക്ഷാ ഓഡിറ്റിനു വിധേയമാക്കാനും പോലീസിനോട് ഗവർണർ ആവശ്യപ്പെടുന്നു.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. വൈറ്റ് കോളർ ഭീകരസംഘത്തിന് വിദേശത്ത് നിന്ന് 42 ബോംബ് നിർമാണ വീഡിയോകൾ ലഭിച്ചെന്ന് അന്വേഷണ സംഘം. ദേശീയമാധ്യമത്തോടാണ് അന്വേഷണസംഘം ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസിൽ അറസ്റ്റിലായ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഗനായിയുടെ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്നാണ് അന്വേഷണസംഘം വീഡിയോകൾ കണ്ടെത്തിയത്.
ഹൻസുള്ള എന്ന വിദേശ ഹാൻഡിലുകളിൽ നിന്നാണ് മുസമ്മിൽ അഹമ്മദ് ഗനായിയുടെ ലാപ്ടോപ്പിലേക്ക് വീഡിയോകൾ ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹപ്രവർത്തകനും കൂട്ടാളിയുമായിരുന്നു അറസ്റ്റിലായ ഗനായി. ചാവേർ ആക്രമണത്തിന് പ്രതികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോകളെന്നും അന്വേഷണ സംഘം പറഞ്ഞു.
സ്ഫോടനത്തിലെ പ്രതികൾക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മുസമ്മിൽ അഹമ്മദ് ഗനായി ഉൾപ്പടെയുള്ളവർ തുർക്കി വഴി അഫ്ഗാനിസ്ഥാനിൽ എത്തിയതായും അന്വേഷണ സംഘം കരുതുന്നു. ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചിരുന്നെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാരടക്കം നാലു പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഭീകരാക്രമണ കേസ് ഏറ്റെടുത്തശേഷം എൻഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഇതോടെ ആറായി.
കഴിഞ്ഞ പത്തിനുണ്ടായ ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായി കൊല്ലപ്പെട്ട ഉമർ നബിയുടെ കൂട്ടാളികളായ ഇവരെ നേരത്തേ ജമ്മു കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പ്രിൻസിപ്പൽ ജഡ്ജി അഞ്ജു ബജാജ് ചന്ദ്ര പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ശ്രീനഗറിൽ പോലീസ് കസ്റ്റഡിയിലായിരുന്ന നാലു പ്രതികളെയും പട്യാല ഹൗസ് കോടതി ജഡ്ജിയുടെ വാറന്റിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അറസ്റ്റ് ചെയ്തത്. 15 പേരുടെ മരണത്തിനും നിരവധി പേർക്കു പരിക്കേൽക്കുന്നതിനും കാരണമായ കാർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും ധനസഹായം നൽകുന്നതിലും സുഗമമാക്കുന്നതിലും നേരിട്ടു നിർണായക പങ്ക് വഹിച്ചവരാണു വെള്ളക്കോളർ ഭീകര ഗ്രൂപ്പിലെ അംഗങ്ങളായ പ്രതികളെന്ന് എൻഐഎ അറിയിച്ചു.
ഫരീദാബാദ് അൽ ഫല മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഭീകരാക്രമണത്തിലെ പ്രധാന പങ്കാളികളുമായ ജമ്മു കാഷ്മീരിലെ പുൽവാമ സ്വദേശി മുസമിൽ ഷക്കീൽ ഗനായ്, അനന്ത്നാഗ് സ്വദേശി അദീൽ അഹമ്മദ് റാത്തർ, യുപിയിലെ ലക്നോ സ്വദേശി ഷഹീൻ സയീദ് എന്നിവരെയും ഷോപ്പിയാൻ സ്വദേശി മുഫ്തി ഇർഫാൻ അഹമ്മദ് വാഗയ് എന്നയാളെയുമാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ജമ്മു കാഷ്മീരിൽനിന്നുള്ള അമീർ റാഷിദ് അലിയെയും ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെയും എൻഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി ഭീകരാക്രമണ കേസ് ഭീകരവിരുദ്ധ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറിയതിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട അറസ്റ്റുകളാണിത്. സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ രജിസ്ട്രേഡ് ഉടമയാണ് അമീർ. ബോംബ് നിർമാണത്തിനും സ്ഫോടനത്തിനും സാങ്കേതികസഹായവും ലോജിസ്റ്റിക്കൽ സഹായവും നൽകിയത് ഡാനിഷാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെയും ഡിജിറ്റൽ തെളിവുകളുടെയും ഫോറൻസിക് വിശകലനത്തിന്റെയും അടിസ്ഥാനത്തിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന് എൻഐഎ വ്യക്തമാക്കി.
ഡോ. ഗനായി, ഡോ. സയീദ് എന്നിവരുൾപ്പെടെയുള്ള പ്രതികൾ ഫരീദാബാദിലെ വാടക ഫ്ലാറ്റിൽ താമസിച്ചാണ് 2,900 കിലോ അമോണിയം നൈട്രേറ്റ്, മറ്റു സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, ടൈമറുകൾ, അത്യാധുനിക തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ തുടങ്ങിയവ ശേഖരിച്ചു വൻ ഭീകരാക്രമണ പദ്ധതി തയാറാക്കിയത്. ഗൂഢാലോചനയുടെ മുഴുവൻ രൂപരേഖകളും കൂട്ടിച്ചേർക്കാനും കമാൻഡ് ശൃംഖല കണ്ടെത്താനുമാണ് എൻഐഎയുടെ പ്രാഥമിക ശ്രമം.
National
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനു കീഴിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അൽ ഫലാ ഗ്രൂപ്പ് ചെയർമാനെ ഡൽഹിയിലെ സാകേത് കോടതി 13 ദിവസത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ വിട്ടു.
കുറ്റകൃത്യങ്ങളുടെ ഗൗരവവും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നതും കണക്കിലെടുത്താണ് ഉത്തരവ്. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റിലായ ജവാദിനെ അർധരാത്രിയാണ് സാകേതിലെ അഡീഷണൽ സെഷൻസ് ജഡ്ജി ശീതൾ ചൗധരിയുടെ വീട്ടിലേക്കെത്തിച്ചത്. പുലർച്ചെ ഒന്ന് വരെ നീണ്ട തുടർപ്രക്രിയകൾക്കു ശേഷമാണ് തീരുമാനം.
വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലിലും അൽ ഫലാഹ് സർവകലാശാലയുടെ വ്യാജ അക്രഡിറ്റേഷൻ അവകാശവാദങ്ങളിലും സർലകലാശാലയിൽനിന്നുള്ള ഫണ്ട് വകമാറ്റലിലും ജവാദ് കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്ന് റിമാൻഡ് അപേക്ഷയിൽ ഇഡി വ്യക്തമാക്കുന്നു.
അൽ ഫലാഹ് സർവകലാശാലയ്ക്ക് യുജിസി അംഗീകാരമുണ്ടെന്ന അവകാശവാദം തെറ്റാണ്. എൻഎഎസി അക്രഡിറ്റേഷൻ സ്റ്റാറ്റസ് തെറ്റായാണ് കാണിക്കുന്നതെന്നും ഇഡി ആരോപിച്ചു.
വിദ്യാർഥികളുടെ ഫീസായും മറ്റും ശേഖരിച്ച 400 കോടിയിലധികം രൂപ ജവാദ് വകമാറ്റിയിട്ടുണ്ടെന്നും ഇയാളുടെ അടുത്ത ബന്ധുക്കൾ ഗൾഫ് രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ജവാദിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് ഇഡി കോടതിയെ അറിയിച്ചു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ ഒന്നിലധികം ഡോക്ടർമാരിലേക്ക് അന്വേഷണം എത്തിയതോടെയാണ് അൽ ഫലാഹ് സർവകലാശാലയുടെ ഫണ്ടിംഗുകളിലേക്കും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയെത്തിയത്. തീവ്രവാദ പ്രവർത്തനങ്ങളിൽ സർവകലാശാലാ അധികൃതർക്ക് നേരിട്ടു പങ്കുണ്ടോയെന്നത് പരിശോധിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കാഷ്മീർ സ്വദേശി ജെയ്സർ ബിലാൽ വാനിയെ ഡൽഹി കോടതി പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.
പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നുള്ള എൻഐഎയുടെ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
ഭീകരാക്രമണം നടത്തിയെന്നു വിശ്വസിക്കുന്ന ഡോ. ഉമർ നബിക്ക് സാങ്കേതിക സഹായം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്സറിനെ എൻഐഎ കഴിഞ്ഞ ദിവസം ശ്രീനഗറിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നത്.
സ്ഫോടനത്തിൽ അന്വേഷണം നടത്തുന്ന എൻഐഎ രേഖപ്പെടുത്തിയ രണ്ടാമത്തെ അറസ്റ്റായിരുന്നു ജെയ്സറിന്റേത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുന്നേ രാജ്യതലസ്ഥാനത്ത് കോടതികൾക്കും രണ്ട് സ്കൂളുകൾക്കും നേരേ ബോംബ് ഭീഷണി.
ഡൽഹി, സാകേത്, ദ്വാരക, പട്യാല ഹൗസ് എന്നിവിടങ്ങളിലെ കോടതികൾക്കും പ്രശാന്ത് വിഹാറിലെയും ദ്വാരകയിലെയും രണ്ട് സിആർപിഎഫ് സ്കൂളുകൾക്കുമാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്.
തീവ്രവാദ സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്റെ പേരിലാണ് വ്യാജ ബോംബ് ഭീഷണികളുള്ള മെയിലുകൾ അയച്ചിരിക്കുന്നതെന്നാണ് സൂചന.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജസീർ ബിലാൽ വാനിയുടെ വിചാരണ കോടതിയിൽ നടക്കുന്നതിനു മണിക്കൂറുകൾക്കു മുന്‍പാണ് പട്യാല ഹൗസ് കോടതിക്കു ഭീഷണി സന്ദേശം ലഭിച്ചത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വിശദീകരിക്കുന്നത്.
ചാവേര്‍ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാള്‍ നേരത്തെ നിശ്ചയിച്ച സമയത്ത് സ്ഥലത്ത് മരിക്കാന്‍ പോവുകയാണെന്ന് ഉറപ്പിക്കുമ്പോള്‍ അയാള്‍ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു.
മരണമല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്ക് മുന്നിലില്ലെന്നും ഇയാൾ പറയുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ഇയാൾ പറയുന്നു.
അതേസമയം ചെങ്കോട്ടയ്ക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയ ഭീകരര്‍ ഹമാസ് മോഡല്‍ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ അത്യാധുനിക രീതിയിലുള്ള ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നും സൂചനയുണ്ട്.
National
ന്യൂഡൽഹി: സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി ഡൽഹി സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ നബി സഞ്ചരിച്ചത് ഇന്ത്യാ ഗേറ്റ് ഉൾപ്പെടെയുള്ള ഡൽഹിയിലെ സുരക്ഷ മേഖലയ്ക്കുള്ളിലൂടെ. 1300ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഡൽഹിക്ക് ഉള്ളിൽ ഉമർ സഞ്ചരിച്ച വഴികൾ പോലീസ് കണ്ടെത്തിയത്.
ഇന്ത്യ ഗേറ്റ്, റെയിൽ ഭവൻ, കർത്തവ്യപഥ്, ലോദി റോഡ്, ഭാരകംബ റോഡ് തുടങ്ങി രാജ്യത്തിന്റെതന്നെ തന്ത്രപ്രധാനമായ മേഖലയിലൂടെയാണ് ഉമർ സ്ഫോടകവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചത്. എന്നാൽ ഡൽഹിക്കുള്ളിൽ പ്രവേശിച്ചശേഷം ഒരിടത്തും ഉമറിന്റെ കാർ പോലീസ് പരിശോധന നേരിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
ഡൽഹിയിൽ വളരെ തിരക്കേറിയ നിസാമുദ്ദീൻ, അക്ബർ റോഡ്, സഫ്ദർജംഗ് ആശുപത്രി, കൊണാട്ട് പ്ലെയ്സ്, രാംലീല മൈദാൻ, ഡൽഹി ഗേറ്റ്, ദരിയ ഗഞ്ച് പോലീസ് സ്റ്റേഷൻ എന്നിവ കടന്നാണ് ഉമർ റെഡ് ഫോർട്ടിൽ എത്തുന്നത്.
സ്ഫോടനം നടന്ന ദിവസം രാവിലെ ബദൽപുർ ബോർഡർ വഴി ഉമർ കാറുമായി ഡൽഹിയിൽ പ്രവേശിച്ചു. രാവിലെ 9.17നും 9.48നും ഇടയിൽ, നിസാമുദ്ദീൻ, ഇന്ത്യാ ഗേറ്റ്, അക്ബർ റോഡ്, റെയിൽ ഭവൻ, കർത്തവ്യപഥ്, ലോധി റോഡ്, സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഡൽഹിയുടെ ഹൃദയഭാഗത്തുകൂടി കാർ കടന്നുപോയി.
ഇടയ്ക്ക് വസീർപൂരിലെ ഒരു ചായക്കടയിൽ കാർ നിർത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് കാർ ഉച്ചയ്ക്ക് 2.04ന് കൊണാട്ട് പ്ലെയ്സ് ഔട്ടർ സർക്കിളും 2.10ന് ഭാരകംബ റോഡും കടന്ന് 2.17ന് രാം ലീല മൈതാനിയിലെത്തി. തുടർന്ന് മൂന്നരയോടെ ചെങ്കോട്ടയ്ക്ക് സമീപം കാർ പാർക്ക് ചെയ്തു. 6.23ന് പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ കാർ പതുക്കെ നീങ്ങി 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.
അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽനിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്.
ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം കുറ്റവാളികൾ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
National
ന്യൂഡൽഹി: കഴിഞ്ഞ തിങ്കളാഴ്ച ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ച് ഉണ്ടായ സ്ഫോടനത്തിൽ സംഭവസ്ഥലത്തുനിന്ന് 9 എംഎമ്മിന്റെ രണ്ട് വെടിയുണ്ടകളും ഒരു ഷെല്ലും കണ്ടെത്തിയതായി റിപ്പോർട്ട്.
സുരക്ഷാ സേനയ്ക്ക് മാത്രം അനുവദിച്ചിരിക്കുന്ന തോക്കിലെ ബുള്ളറ്റ് എങ്ങനെ സംഭവസ്ഥലത്ത് എത്തി എന്നതാണ് അന്വേഷണ സംഘം കണ്ടെത്താൻ ശ്രമിക്കുന്നത്. എന്നാൽ, സംഭവസ്ഥലത്തുനിന്നു തോക്കോ അതിന്റെ ബാക്കി ഭാഗങ്ങളോ കണ്ടെത്തിയിട്ടില്ല. പൊട്ടിത്തെറിച്ച കാർ ഓടിച്ച ഡോ. ഉമർ നബിയുടേതാണോ ലഭിച്ച ബുള്ളറ്റ് എന്നതടക്കമുള്ള കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം സ്ഫോടനത്തിൽ ക്രിമിനൽ ഗൂഢാലോചന പ്രകാരം പുതിയ എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് അടച്ച റെഡ് ഫോർട്ട് വീണ്ടും തുറന്നെങ്കിലും ഈ പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് അടച്ച ലാൽ കില മെട്രോ സ്റ്റേഷനിലെ ഗേറ്റുകൾ തുറന്നതായും അധികൃതർ അറിയിച്ചു.
ചെങ്കോട്ട സ്ഫോടനത്തിനായി ഭീകരവാദികൾ 30 മുതൽ 40 കിലോ വരെ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കാർ ഓടിച്ചിരുന്ന ഉമർ ബോംബ് നിർമാണത്തിൽ വിദഗ്ധനായിരുന്നു എന്ന നിഗമത്തിലേക്കും അന്വേഷണസംഘം എത്തിയതായി റിപ്പോർട്ടുണ്ട്.
ഡൽഹി സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന, പോലീസ് കസ്റ്റഡിയിലുള്ള ഡോ. മുസാഫർ അഹമ്മദ്, ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസമിൽ ഷക്കീൽ, ഡോ. ഷഹീൻ സയീദ് എന്നിവരുടെ മെഡിക്കൽ രജിസ്ട്രേഷൻ നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കിയതായും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്ച ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന് തീവ്രവാദ ബന്ധമില്ലെന്ന് ജമ്മു കാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി. സാന്പിൾ ശേഖരണത്തിനിടെ ഉണ്ടായ അപകടമാണിതെന്നാണ് പ്രാഥമിക വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നെന്നും സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ വെളിച്ചത്തിൽ, ബാഹ്യശക്തികളുടെ പിന്തുണ തുടർന്നും ലഭിക്കുന്ന വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ രഹസ്യാന്വേഷണ, ഭീകരവിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ് ചെങ്കോട്ടയിലെ ഭീകരാക്രമണം. ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ സർക്കാരിനു കഴിയില്ല. ഭീകരതയ്ക്കെതിരേ കോണ്‍ഗ്രസ് രാഷ്ട്രത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. -ഖാർഗെ പറഞ്ഞു.
ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ വിലയേറിയ ഒന്‍പതു ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖാർഗെ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സയ്ക്കുപുറമേ ഇരകൾക്കു മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ രണ്ട് ഡോക്ടർമാരുൾപ്പെടെ മൂന്നുപേർകൂടി കസ്റ്റഡിയിൽ.
സ്ഫോടനക്കേസിൽ ഇതിനോടകം അന്വേഷണ ഏജൻസികളുടെ റഡാറിനു കീഴിലായിരുന്ന ഹരിയാനയിലെ ധൗജ്, ബല്ലബ്ഗഡ്, ഖണ്ഡാവാലി, നൂഹ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. എൻഐഎയുടെ സഹകരണത്തോടെ ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലാണ് റെയ്ഡിനു നേതൃത്വം നൽകിയത്.
ഹരിയാനയിലെ നൂഹിൽനിന്ന് മുഹമ്മദ്, മുസ്താക്കിം എന്നീ അൽ ഫലാ സർവകലാശാലാ ഡോക്ടർമാരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളക്കോളർ ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനിയയുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്.
കസ്റ്റഡിയിലായ ഡോക്ടർമാരിലൊരാൾ ചെങ്കോട്ടയിൽ സ്ഫോടനം നടന്ന ദിവസം ഡൽഹിയിലുണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എയിംസിൽ ഒരു അഭിമുഖത്തിനായാണ് ഇയാൾ ഡൽഹിയിൽ എത്തിയതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
നൂഹിൽ തന്നെ നടത്തിയ മറ്റൊരു റെയ്ഡിൽ ദബ്ബു എന്നറിയപ്പെടുന്ന ദിനേശ് എന്നൊരാളെ ലൈസൻസ് ഇല്ലാതെ വളങ്ങൾ വിറ്റതിനു കസ്റ്റഡിയിലെടുത്തു. അനധികൃത വ്യാപാരത്തിനുമപ്പുറത്തേക്ക് ദിനേശിന്റെ പ്രവർത്തനങ്ങളുണ്ടോയെന്നറിയാൻ അന്വേഷണം നടത്തിവരികയാണ്. ഭീകരസംഘടനയിലെ അംഗങ്ങൾ ഐഇഡി ബോംബുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന എൻപികെ വളം വാങ്ങുന്നതിനായി 26 ലക്ഷം രൂപ സമാഹരിച്ചെന്നും മൂന്നു ലക്ഷം രൂപ ചെലവഴിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.
National
ന്യൂഡൽഹി:ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റദ്ദാക്കി.
ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐഎംആർ), നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) എന്നിവയാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ റദ്ദാക്കിയത്.
ഈ ഡോക്ടർമാർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
Kerala
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ജമ്മു കാഷ്മീരിലെ വീട് സുരക്ഷാസേന തകർത്തു. തെക്കൻ കാഷ്മീരിലെ പുൽവാമയിലുള്ള ഇയാളുടെ വീട് ഇന്നു പുലർച്ചെ ബോംബ് വച്ചാണു തകർത്തത്.
ചെങ്കോട്ടയ്ക്കടുത്തുള്ള നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിനു സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ 20 കാർ ഓടിച്ചിരുന്നതെന്ന് ഉമർ നബിയാണെന്നു കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറായിരുന്നു ഇയാൾ.
ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് ഒരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാഷ്മീരിലെ ഇയാളുടെ വീട് പൊളിച്ചുമാറ്റിയത്. നേരത്തെ, പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുടെയും വീടുകൾ പൊളിച്ചിരുന്നു.
വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് കരുതിയിരുന്ന 2,900 കിലോഗ്രാം ബോംബ് നിർമാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ രണ്ട് ഡോക്ടർമാരെയും ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജെയ്ഷെ ഇ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ഘടകം വളരെ വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഡൽഹി സ്ഫോടനത്തിനു കാരണം ഉമർ നബിയുടെ കൂട്ടാളികൾ അറസ്റ്റിലായതിനെത്തുടർന്ന് പരിഭ്രാന്തിയിലായതിന്റെ ഫലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ഫരീദാബാദിലെ സ്ഫോടക വസ്തുക്കൾ കണ്ടെടുക്കലും ഡൽഹിയിലെ മാരകമായ സ്ഫോടനവും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജെയ്ഷെ ഇ മുഹമ്മദ് പോലുള്ള തീവ്രവാദ സംഘടനകൾ ഭീകരപ്രവർത്തനങ്ങൾക്കായി ഡോക്ടർമാരെപ്പോലുള്ള ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു.
മൂന്നു ഭീകരർക്ക് വിദേശബന്ധം
ഡൽഹി സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ രണ്ടു വിദേശ ഹാൻഡ്ലർമാരുടെ പങ്കു വെളിപ്പെട്ടതായി അന്വേഷണവൃത്തങ്ങൾ അറിയിച്ചു. പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ഇവർ അടുത്തബന്ധം പുലർത്തിയിരുന്നു.
ചാവേറായ പൊട്ടിത്തെറിച്ച് ഉമർ നബി, കൂട്ടാളികളായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ഷഹീൻ സയീദ് എന്നിവർ ഹാൻഡ്ലർമാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ട് ഡോക്ടർമാരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ഭീകരരെ കൈകാര്യം ചെയ്തിരുന്നത് ഡോ. ഒകാസ, ഡോ. ഹാഷിം എന്ന ആരിഫ് നിസാർ എന്നീ രഹസ്യനാമങ്ങളിലുള്ളവരാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഭീകരവാദികളെ നിയന്ത്രിച്ചിരുന്നത് പാക്കിസ്ഥാൻകാരൻ നിസാറും തുർക്കിക്കാരനായ ഒകാസയുമാണ് അന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നു. രണ്ട് ഹാൻഡ്ലർമാരും ഒരേ വ്യക്തിയായിരിക്കാമെന്ന് സ്രോതസുകൾ സൂചിപ്പിക്കുന്നു.
സെഷൻ, ടെലിഗ്രാം, സിഗ്നൽ, മറ്റ് ആപ്പുകൾ എന്നിവ ഉപയോഗിച്ചാണ് ഭീകരർ ആശയവിനിമയം നടത്തിയതെന്ന് അവർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കൂടുതൽ തെളിവുകൾ കണ്ടെത്തി. പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചത് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന പുൽവാമ സ്വദേശി ഉമർ നബി തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിൽനിന്നു വ്യക്തമായതായി അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിനു പിന്നാലെ ഉമറിന്റെ അമ്മയുടെ ഡിഎൻഎ പോലീസ് ശേഖരിച്ചിരുന്നു.
ഐ20 കാറിൽനിന്നു കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളും ഉമറിന്റെ കുടുംബാംഗങ്ങളിൽനിന്നു ശേഖരിച്ച സാന്പിളുകളും പരസ്പരം പൊരുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കാർ ഓടിച്ചത് ഇയാൾ തന്നെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
കാറുമായി ഉമർ ഡൽഹിയിലെ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫരീദാബാദിലെ ബദർപുർ അതിർത്തി വഴി ഡൽഹിയിലേക്കു പ്രവേശിക്കുന്നതും രാംലീല മൈതാനത്തിനടുത്തുള്ള മോസ്ക്കിന്റെ സമീപത്തുകൂടി നടക്കുന്ന ഉമറിന്റെ മുഖം കൂടുതൽ വ്യക്തമാകുന്നതുമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഏകദേശം 50 സിസിടിവികളിൽനിന്നുള്ള ദൃശ്യങ്ങളിൽ ഉമറിനെ കാണാം.
സ്ഫോടനം നടന്നതിനു തലേദിവസം രാത്രി ഉമർ കാറുമായി ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയിൽ പ്രവേശിക്കുകയും വഴിയോര ഹോട്ടലിനു സമീപം നിർത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. തുടർന്ന് രാത്രിയിൽ കാറിൽ ചെലവഴിച്ചശേഷം തിങ്കളാഴ്ച രാവിലെ കാറുമായി ബദർപുർ അതിർത്തിയിലൂടെ ഡൽഹിയിൽ പ്രവേശിച്ചുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം, ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ ആറിന് രാജ്യത്തെ ആറു നഗരങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായ ഡോ. ഷഹീൻ സയീദ്, ഡോ. പർവേസ് അൻസാരി, ഡോ. മുസമ്മിൽ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഏതൊക്കെ നഗരങ്ങളെയാണു ലക്ഷ്യം വച്ചത് എന്നതിൽ വ്യക്തതയില്ല.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ സൂത്രധാരന്മാരായ വൈറ്റ് കോളർ ഭീകരർ ബോംബ് നിർമാണത്തിനായി വാങ്ങിയത് മൂന്നു ലക്ഷം രൂപ വിലവരുന്ന 2600 കിലോ എൻപികെ രാസവളം.
ഹരിയാനയിലെ ഗുരുഗ്രാമിൽനിന്നും നൂഹിൽനിന്നും മറ്റു പട്ടണങ്ങളിൽനിന്നുമായാണ് രാസവളം സംഘടിപ്പിച്ചത്. ഇത് മറ്റു രാസവസ്തുക്കളുമായി സംയോജിപ്പിച്ചാണ് ഐഇഡി നിർമിച്ചത്.
ഇത്ര വലിയതോതിൽ രാസവളം വാങ്ങിയത് അന്വേഷണത്തിൽ നിർണായക തെളിവാകുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടനത്തിനുള്ള സാമഗ്രികൾ വാങ്ങാൻ ഡോ. മുസമ്മിൽ ഗാനായി, ഡോ. ആദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ സയീദ്, ഡോ. ഉമർ നബി എന്നിവർ 26 ലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു. ഈ പണം ഡോ. ഉമർ നബിയെയാണ് ഏൽപ്പിച്ചത്. ഈ പണം ഉപയോഗിച്ചാണു സ്ഫോടനത്തിൽ തകർന്നത് ഉൾപ്പെടെയുള്ള കാറുകൾ വാങ്ങിയത്.
National
ന്യൂഡൽഹി: പതിമൂന്ന് നിരപരാധികൾ കൊല്ലപ്പെട്ട ഡൽഹി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആവർത്തിച്ചുള്ള പരാജയമാണ് ഇത്തരം ഭീകരപ്രവർത്തങ്ങൾക്കു കാരണമാകുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ഇത്രയും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ തലസ്ഥാനത്തേക്ക് എങ്ങനെ എത്തിച്ചുവെന്നത് ഗുരുതരമായ ചോദ്യമാണെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവൻ പവൻ ഖേര ചോദിച്ചു.
National
ന്യൂഡൽഹി: അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം അഞ്ചു ഘട്ടങ്ങളായാണു ഭീകരർ പദ്ധതികൾ ആസൂത്രണം ചെയ്തത്.
ആദ്യഘട്ടത്തിൽ ജയ്ഷ് ഇ മുഹമ്മദ്, അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ് എന്നീ തീവ്രവാദ സംഘടനകളുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്കുള്ള ശൃംഖല രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. രണ്ടാമതായി നൂതന സ്ഫോടകവസ്തുക്കൾ (ഐഇഡി) നിർമാണത്തിനായി അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയെന്നതായിരുന്നു. മൂന്നാംഘട്ടത്തിൽ ഐഇഡികൾ നിർമിക്കുന്നതും ലക്ഷ്യസ്ഥാനങ്ങൾ നിരീക്ഷിക്കുന്നതും ഉൾപ്പെടുത്തി.
നാലാമതായി മോഡ്യൂളിൽ ഉൾപ്പെട്ട അംഗങ്ങൾക്കിടയിൽ നിർമിച്ച ഐഇഡികൾ വിതരണം ചെയ്യുകയെന്നതായിരുന്നു. അവസാനഘട്ടത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടത്താനുമായിരുന്നു ആസൂത്രണം നടത്തിയത്.
ഓഗസ്റ്റിൽ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ സാങ്കേതിക തടസങ്ങൾ നിമിത്തം മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റുണ്ടായേക്കും.
ഡൽഹി സ്ഫോടനത്തിൽ ഫരീദാബാദിൽ അറസ്റ്റിലായ ഡോക്ടർമാരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. ഇതോടൊപ്പം ഇവരുടെ സാന്പത്തിക ശൃംഖലയെയും പ്രവർത്തനരീതികളെയും കുറിച്ചുള്ള വ്യക്തമായ സൂചന ചോദ്യം ചെയ്യലിൽനിന്നു ലഭിച്ചതായും സൂചനയുണ്ട്.
National
ന്യൂഡൽഹി: ഭീകരബന്ധത്തിന്റെ പേരിൽ വിവാദത്തിലായ ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയ്ക്കു കാരണംകാണിക്കൽ നോട്ടീസ് നൽകി നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (എൻഎഎസി).
സർവകലാശാലയുടെ വെബ്സൈറ്റിൽ അക്രഡിറ്റേഷനുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടതിനാലാണ് എൻഎഎസി നോട്ടീസ് നൽകിയിരിക്കുന്നത്. അക്രഡിറ്റേഷൻ അവകാശം എൻഎഎസി മാനദണ്ഡങ്ങൾക്കു വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കൗണ്‍സിൽ വ്യക്തമാക്കി.
അൽ ഫലാ സർവകലാശാലയ്ക്കു കീഴിലുള്ള അൽ ഫലാ സ്കൂൾ ഓഫ് എൻജിനിയറിംഗിനും അൽ ഫലാ സ്കൂൾ ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിനും എൻഎഎസിയുടെ"എ' ഗ്രേഡുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടതിനാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തി റേറ്റിംഗ് നൽകുന്ന എൻഎഎസി നോട്ടീസ് നൽകിയിരിക്കുന്നത്. എൻജിനിയറിംഗ് കോളജിന് 2013ൽ "എ’ഗ്രേഡ് ലഭിച്ചിരുന്നെങ്കിലും ഇത് 2018ൽ കാലഹരണപ്പെട്ടെന്നും സ്കൂൾ ഓഫ് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിന് 2011ൽ ലഭിച്ച "എ’ഗ്രേഡ് 2016ൽ കാലഹരണപ്പെട്ടെന്നും നോട്ടീസിൽ പറയുന്നു.
ഇരു കോളജുകളുടെയും അക്രഡിറ്റേഷൻ കാലഹരണപ്പെട്ടിട്ടും എ ഗ്രേഡുകൾ ഉണ്ടെന്ന് അവകാശപ്പെട്ടതിനു സ്ഥാപനത്തിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നു വിശദീകരിക്കാൻ സർവകലാശാല മാനേജമെന്റിനോട് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. നോട്ടീസിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് എൻഎഎസി ആവശ്യപ്പെട്ടിരിക്കുന്നത്. അൽ ഫലായെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ സർവകലാശാലയുടെ വെബ്സൈറ്റ് നിലയ്ക്കുകയും ചെയ്തു.
അതിനിടെ, സർവകലാശാലയുടെ ഫണ്ടിംഗും ഡോക്ടർമാരുടെ സാന്പത്തിക ഇടപാടുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇഡി ഡയറക്ടറും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സർവകലാശാലയുടെ സാന്പത്തിക സ്രോതസുകളെപ്പറ്റിയുള്ള വിശദമായ അന്വേഷണം നടത്തുന്നതിനുള്ള തീരുമാനമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
National
ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിൽ അറസ്റ്റിലായ ലക്നോ സ്വദേശിനി ഡോ. ഷഹീന് സഈദ് ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
പ്രത്യേകിച്ചും ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആഫിറാബീവിയുമായി ഡോ. ഷഹീന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയ്ഷിന്റെ വനിതാവിഭാഗമായ ജമാ അത്ത് ഉൽ മൊമിനാത്തിന്റെ ഇന്ത്യൻ വിഭാഗം രൂപീകരിക്കാനുള്ള ചുമതല ഡോ. ഷഹീനായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോ.അദീലിന്റെ സഹോദരന് മുസഫറിനും പാക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ഡോ. അദീല്‍ അറസ്റ്റിലായതിനു പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായാണു റിപ്പോർട്ട്. ഇയാള്‍ക്കായി ജമ്മു കാഷ്മീർ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
National
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ കൂടുതല്‍ പേര് പിടിയിലായതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിൽ രണ്ട് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.
കാണ്‍പൂര്‍, ഹാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. യുപി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) എന്‍ഐഎയും സംയുക്തമായി നടത്തിയ നീക്കത്തില്‍ കാണ്‍പൂരില്‍ നിന്ന് ഡോ. മുഹമ്മദ് ആരിഫ് (32) എന്നയാളെയാണ് പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന് കിഴിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാർഥി മെമ്മോറിയല്‍ (ജിഎസ്വിഎം) മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് ഡോ. ആരിഫ്.
ഹാപുര്‍ ജില്ലയിലെ ജിഎസ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖാണ് കസ്റ്റഡിയിലുള്ള രണ്ടാമന് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് യുപിയില്‍ നിന്നും അഞ്ച് ഡോക്ടര്‍മാരെയാണ് ഇതുവരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. ഷഹീന് സയീദ്, ഡോ. പര്‍വേസ് അന്‍സാരി, ഡോ. ഫാറൂഖ്, ഡോ. മുഹമ്മദ് ആരിഫ് എന്നിവരാണ് അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ളത്.
ജമ്മുകാഷ്മീരിൽ10 പേരാണ് സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. പുല്‍വാമ, കുല്‍ഗാം, അനന്തനാഗ് ജില്ലകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ കണ്ടെത്തി. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്.
ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീന്റെ കാറാണ് കണ്ടെത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്.
ഫരീദാബാദ് പോലീസാണ് വാഹനം പിടികൂടിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാർ. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പോലീസിന്റെ കണ്ടെത്തല്‍.
വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ഡൽഹി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ. ഫരീദാബാദ് സർവകലാശാലയിലെ വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത വ്യക്തി കൂടി അറസ്റ്റിലായിട്ടുണ്ട്. ഫഹീം ആണ് അറസ്റ്റിലായത്. അറസ്റ്റിലായ ഫഹീം ഉമറിന്റെ ബന്ധുവെന്നാണ് വിവരം.
ചെങ്കോട്ട സ്ഫോടനത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. സ്ഫോടനത്തിനു മുൻപ് ഉമർ നബി വെള്ള ഐ20 കാറുമായി കൊണാട് പ്ലേസിൽ എത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലാൽ എന്നയാളാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു.
അതേസമയം രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്റെ നിഴലിലെന്നാണ് സൂചന.
സ്ഫോടനം ഭീകരവാദപ്രവർത്തനത്തിന്റെ ഫലമാണോയെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിനു കീഴിൽ വരുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിനു പിന്നിലെ കാരണക്കാരനെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയ ഡോ. ഉമർ മുഹമ്മദും ഫരീദാബാദിലെ റെയ്ഡിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലും തുർക്കി സന്ദർശിച്ചെന്നും അവിടെ അവർ ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവരുടെ പാസ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള തുർക്കിഷ് ഇമിഗ്രേഷൻ സ്റ്റാന്പുകൾ അന്താരാഷ്ട്ര ഭീകര ശൃംഖലയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീൻ അതിർത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലർത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു.
ഇപ്പോൾ ഉമറും മുസമ്മിലും തുർക്കിയിൽ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം ബലപ്പെട്ടു നിൽക്കുന്നതിനാൽ മുഴുവൻ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഡൽഹിയിൽ ആക്രമണപരമ്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്.
National
ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന കാർ സ്ഫോടനം ഭീകരവാദികളുടെ ആക്രമണംതന്നെയെന്നു പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സ്ഫോടനമുണ്ടായി രണ്ടുദിവസമായിട്ടും സ്ഫോടനത്തെ ആക്രമണമെന്നോ ഭീകരാക്രമണമെന്നോ വിശേഷിപ്പിക്കാത്ത കേന്ദ്രസർക്കാർ ആദ്യമായാണ് ഐ20 കാർ പൊട്ടിത്തെറിച്ചുണ്ടായ സംഭവം ഭീകരാക്രമണംതന്നെയാണെന്നു സ്ഥിരീകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്. സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകരസംഭവത്തിൽ കുറ്റവാളികളെയും അവരുടെ സഹകാരികളെയും അവരുടെ സ്പോണ്സർമാരെയും കാലതാമസമില്ലാതെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി അന്വേഷണം മികവോടെയും എത്രയും വേഗവും നടത്താൻ മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഉന്നതതലങ്ങളിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയസുരക്ഷയ്ക്കും ഓരോ പൗരന്റെയും വ്യക്തിഗത സുരക്ഷയ്ക്കുംവേണ്ടിയുള്ള ശാശ്വത പ്രതിബദ്ധതയ്ക്കൊപ്പം എല്ലാ പൗരന്മാരുടെയും ജീവിതവും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ ദൃഢനിശ്ചയം മന്ത്രിസഭ വീണ്ടും ഉറപ്പിക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു.
നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഈ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയെ മന്ത്രിസഭ അസന്നിഗ്ധമായി അപലപിക്കുകയാണെന്നും ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളോടും പ്രകടനങ്ങളോടും ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയത്തോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ചു പ്രഖ്യാപിക്കുകയാണെന്നും പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം നടത്തുക ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പത്തംഗസംഘം. എൻഐഎ ഡയറക്ടർ ജനറൽ (ഡിജി) വിജയ് സാഖറെയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ എന്നിവരും ഡിഎസ്പി തലത്തിലുള്ള ഓഫീസർമാരുമാണ് സംഘത്തിലുള്ളത്.
ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ മോഡ്യൂളിനെപ്പറ്റിയുള്ള എല്ലാ കേസ് ഡയറികളും വിഷയത്തിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്ന ജമ്മു കാഷ്മീർ പോലീസിൽനിന്നും ഡൽഹി പോലീസിൽനിന്നും ഹരിയാന പോലീസിൽനിന്നും എൻഐഎ ഏറ്റെടുക്കും. അമോണിയം നൈട്രേറ്റടക്കമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ തീവ്രവാദകേന്ദ്രത്തിൽ എൻഐഎ അധികം വൈകാതെ അന്വേഷണം ആരംഭിക്കും.
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ അപാർട്ട്മെന്റ് അൽ ഫലാഹ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരായ മുസമ്മിൽ അഹമ്മദുമായും ഉമർ ഉൻ നബിയുമായി ബന്ധപ്പെട്ടതാണ്. അമോണിയം നൈട്രേറ്റെന്നു സംശയിക്കുന്ന വസ്തുക്കളുടെ അംശം പരിസരപ്രദേശങ്ങളിൽനിന്നു കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി ലബോറട്ടറിയും ടോയ്ലറ്റ് ബ്ലോക്കും ഫരീദാബാദ് പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
കോളജിന്റെ ലാബിൽനിന്നു പിടിയിലായ പ്രതികൾ അമോണിയം കോംപൗണ്ടുകളും ഓക്സിഡൈസറുകളും ആഴ്ചകളെടുത്ത് ചെറിയ അളവിൽ കടത്തിക്കൊണ്ടുപോയി ഫരീദാബാദിലും ഫത്തേപുരിലും സംഭരിച്ചതായാണു സംശയിക്കുന്നത്. ലാബിൽനിന്നു അമോണിയം നൈട്രേറ്റെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് കാന്പസിനുള്ളിൽ ഭീകരർ നിയന്ത്രിത അളവിൽ രാസപ്രവർത്തനങ്ങൾ പരീക്ഷിച്ചതായി സംശയിക്കുന്നുവെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
മെഡിക്കൽ കോളജിൽനിന്നു കണ്ടെത്തിയ സാന്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ കോളജ് ലാബിൽനിന്നു ഭീകരർ എന്തെങ്കിലും വസ്തുക്കൾ കടത്തിക്കൊണ്ടു പോയിട്ടുണ്ടോയെന്നതിൽ വ്യക്തത വരൂ. കോളജ് ലാബിൽനിന്ന് ഒരു ഡസനിലധികം കുപ്പികൾ, ഗ്ലാസ് ഫ്ലാസ്കുകൾ, സീൽ ചെയ്ത പാത്രങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിജയ് സാഖറെ 1996 ബാച്ച് കേരള കേഡർ ഓഫീസറായിരുന്നു. എൻഐഎയിൽ മുന്‍പ് ഐജിയായിരുന്ന വിജയിയെ ഈ വർഷം സെപ്റ്റംബറിലാണ് എൻഐഎ ഡിജിയായി നിയമിച്ചത്. വിജയ് ഇന്നലെ ഇന്റലിജൻസ് ബ്യൂറോ തലവനുമായി കൂടിക്കാഴ്ച നടത്തി.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്റെ നിഴലിലെന്നു സൂചന.
സ്ഫോടനം ഭീകരവാദപ്രവർത്തനത്തിന്റെ ഫലമാണോയെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിനു കീഴിൽ വരുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിനു പിന്നിലെ കാരണക്കാരനെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയ ഡോ. ഉമർ മുഹമ്മദും ഫരീദാബാദിലെ റെയ്ഡിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലും തുർക്കി സന്ദർശിച്ചെന്നും അവിടെ അവർ ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുടെ പാസ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള തുർക്കിഷ് ഇമിഗ്രേഷൻ സ്റ്റാന്പുകൾ അന്താരാഷ്ട്ര ഭീകര ശൃംഖലയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ജയ്ഷ് ഇ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീൻ അതിർത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലർത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. ഇപ്പോൾ ഉമറും മുസമ്മിലും തുർക്കിയിൽ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം ബലപ്പെട്ടു നിൽക്കുന്നതിനാൽ മുഴുവൻ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഡൽഹിയിൽ ആക്രമണപരന്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. രാജ്യതലസ്ഥാനത്തെയും ഗുരുഗ്രാമിലെയും ഫരീദാബാദിലെയും ഹൈ പ്രൊഫൈൽ പ്രദേശങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണം നടത്തുന്നതിനായി അറസ്റ്റിലായ ഡോക്ടർമാർ 200 ഐഇഡി ബോംബുകൾ തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സംഘം കണ്ടെത്തിയ 40ലധികം വസ്തുക്കളിൽ രണ്ട് വെടിയുണ്ടകളും (കാട്രിഡ്ജും) രണ്ടു വ്യത്യസ്ത തരം സ്ഫോടകവസ്തുക്കളുടെ സാന്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഫോടകവസ്തു സാന്പിൾ അമോണിയം നൈട്രേറ്റാണെന്നാണു പ്രാഥമിക നിഗമനം. രണ്ടാമത്തെ സ്ഫോടകവസ്തുവിന്റെ സാന്പിൾ അമോണിയം നൈട്രേറ്റിനേക്കാൾ ശക്തമാണെന്ന് വിശ്വസിക്കുന്നതായും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ഇതിൽ വ്യക്തത കൈവരികയുള്ളൂവെന്നും അധികൃതർ സൂചിപ്പിച്ചു.
ജമ്മു കാഷ്മീരിൽ വ്യാപക റെയ്ഡ്
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പോലീസിന്റെ വ്യാപക റെയ്ഡ്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടേതുൾപ്പെടെ അഞ്ഞൂറിലേറെ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തി.
ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. കുൽഗാം, പുൽവാമ, ഷോപ്പിയാൻ, ബാരാമുള്ള, ഗന്ദർബാൽ, ശ്രീനഗർ, ബന്ദിപോറ, കുപ്വാര, അനന്ത്നാഗ്, ബഡ്ഗാം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെയും കൂട്ടാളികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. കുൽഗാമിൽ ഇരുനൂറിലേറെയും ശ്രീനഗറിൽ നൂറ്റന്പതിലേറെയും കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരസംഘടനകളായ ജയ്ഷ് ഇ മുഹമ്മദിന്റെയും അൻസാർ ഗസ്വതുൾ ഹിന്ദിന്റെയും പോസ്റ്ററുകളുമായി രണ്ട് പ്രവർത്തകരെ പിടികൂടിയതോടെ വൻ അന്തർസംസ്ഥാന-അന്താരാഷ്ട്ര ഭീകരശൃംഖല തകർക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
ആയുധങ്ങളോടൊപ്പം 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തത് ഈ മാസം രണ്ടിനാണ്. ലോക്കൽ പോലീസിന്റെ അതിവേഗത്തിലുള്ള അന്വേഷണത്തോടെ മൂന്ന് ദിവസത്തിനുള്ളിൽ ഇവരുടെ പദ്ധതികൾ വെളിച്ചത്താകുകയായിരുന്നു.
നൗഗാം മേഖലയിലെ മസ്ജിദിൽ പ്രാർഥനാക്കൂട്ടായ്മയുടെ നേതാവായി പ്രവർത്തിച്ചിരുന്ന മൗലവി ഇർഫൻ അഹമ്മദ് നേതൃത്വം നൽകുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണിവരെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഷോപ്പിയാൻ സ്വദേശിയാണ് മൗലവി.
നിരവധി യുവഡോക്ടർമാർ ശൃംഖലയുടെ ഭാഗമാണെന്ന് മൗലവി വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഉത്തർപ്രദേശിലെ സഹാരൻപുരിൽ എത്തിയ പോലീസ് സംഘം ഡോ. അദീൽ അഹമ്മദ് റാത്തെറിനെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും പിടികൂടി. ഇയാളെ ചോദ്യംചെയ്തതോടെ ഒരു സ്വകാര്യ ആശുപത്രിയിലെ ലോക്കറിൽ സൂക്ഷിച്ച എകെ 47 തോക്ക് പോലീസിന് കണ്ടെടുക്കാനായി.
ഫരീദാബാദിലും മറ്റ് സ്ഥലങ്ങളിലും സൂക്ഷിച്ചിരിക്കുന്ന വൻസ്ഫോടക ശേഖരത്തെക്കുറിച്ചും ഇയാൾ പിന്നീട് വെളിപ്പെടുത്തി. ഇത് ഡോ. മുസമ്മിൽ അഹമ്മദിന്റെ അറസ്റ്റിലേക്കും നയിച്ചു.
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യ പ്രതി ഉമർ നബി ജോലി ചെയ്തിരുന്ന ആശുപത്രിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. പിടിയിലായവരുമായി ബന്ധമുള്ള മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തിവരികയാണ്.
National
ന്യൂഡൽഹി: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സഈദിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോ. ഷഹീൻ പുരോഗമന കാഴ്ചപ്പാടുള്ളയാളായിരുന്നുവെന്നും മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുൻ ഭർത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫർ മാധ്യമങ്ങളോടു പറഞ്ഞു. 2015ലാണ് ഇരുവരും വേർപിരിഞ്ഞത്.
പിരിയുന്നതിനുമുമ്പ് രണ്ടു മക്കളുമായി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന് ഷഹീൻ ആഗ്രഹിച്ചിരുന്നുവെന്നും ഓസ്ട്രേലിയയിലേക്കു പോകുന്നതിനെച്ചൊല്ലി തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്തമാക്കി. 2015ൽ വേർപിരിഞ്ഞശേഷം തനിക്കു ഷഹീനുമായി ബന്ധമില്ലെന്നും രണ്ടു മക്കളും തന്നോടൊപ്പമാണു താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷഹീനിന്റെ അറസ്റ്റ് വിശ്വസിക്കാനായില്ലെന്നാണ് പിതാവ് സയ്യിദ് അഹമ്മദ് അൻസാരി പറഞ്ഞത്. മകൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഹീൻ അവസാനമായി താനുമായി സംസാരിച്ചത് ഒരു മാസം മുമ്പാണെങ്കിലും മകളുടെ മുൻ ഭർത്താവായ ഡോ. ഹയാത്ത് സഫറുമായി താൻ എല്ലാ ആഴ്ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഹമ്മദ് അൻസാരി പറഞ്ഞു. വനിതാ വിഭാഗം രൂപവത്കരിക്കാൻ ലക്ഷ്യമിട്ട് ജയ്ഷ് ഇ മുഹമ്മദ് നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവിനിടെയാണ് ഷഹീൻ ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പിന്നീട് സംഘത്തിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾക്ക് അവർ മേൽനോട്ടം വഹിക്കുകയും 35 മുതൽ 40 ലക്ഷം രൂപ വരെ വരുന്ന ഫണ്ട് കൈമാറ്റം ഏകോപിപ്പിക്കുകയും ചെയ്തതായും ഇതിൽ ഭൂരിഭാഗവും അവരുടെ ബന്ധങ്ങൾ വഴിയാണു കൈമാറ്റം ചെയ്യപ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഷഹീൻ ഇതിനുമുന്‍പ് ഉത്തർപ്രദേശിലെ കാൺപുരിലുള്ള ജിഎസ്വിഎം മെഡിക്കൽ കോളജിൽ ലക്ചററായി ജോലി ചെയ്തിരുന്നു. പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് അവർക്കു നിയമനം ലഭിച്ചത്. എന്നാൽ, മുന്നറിയിപ്പില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്നത് പതിവായതോടെ 2021ൽ അവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
ആരെയും അറിയിക്കാതെ ഷഹീൻ പുറത്തുപോകുമായിരുന്നുവെന്ന് അൽ ഫലാ സർവകലാശാലയിലെ ഒരു പ്രഫസർ പറഞ്ഞു.
National
ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ അറസ്റ്റിലായ ഡോക്ടർമാർ തങ്ങളുടെ സർവകലാശാലയിൽ ജോലി ചെയ്യുന്നതല്ലാതെ അവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഫരീദാബാദ് അൽ ഫലാ സർവകലാശാല.
ദൗർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ദുഃഖിതരാണെന്നും അപലപിക്കുന്നുവെന്നും സർവകലാശാലാ വൈസ് ചാൻസലർ ഭൂപീന്ദർ കൗർ പ്രസ്താവനയിൽ അറിയിച്ചു.
സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്നതിനായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുവെന്നും ഭൂപീന്ദർ കൗർ അറിയിച്ചു.
ചില മാധ്യമങ്ങൾ ആരോപിക്കുന്നതുപോലെ ഒരു തരത്തിലുമുള്ള രാസവസ്തുക്കളോ സാമഗ്രികളോ സർവകലാശാലാ പരിസരങ്ങളിൽ സംഭരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. സർവകലാശാലയിലെ ലാബുകൾ എംബിബിഎസ് വിദ്യാർഥികളുടെയും മറ്റ് അംഗീകൃത കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെയും അക്കാഡമിക്, പരിശീലന ആവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
എല്ലാ ലാബ് പ്രവർത്തനങ്ങളും സുരക്ഷാ പ്രോട്ടോകോളുകളും അധികാരികൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സർവകലാശാല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു ദിവസങ്ങൾക്കു ശേഷമാണ് മാനേജ്മെന്റിൽനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്.
National
ന്യൂഡൽഹി: വൈറ്റ് കോളർ ഭീകരശൃംഖലയുടെ ഭാഗമായ ഡോ. മുസമ്മിൽ ഗാനായ് ഈ വർഷം ജനുവരിയിൽ പലവട്ടം ചെങ്കോട്ട മേഖലയിലെത്തിയെന്ന് മൊബൈൽഫോൺ രേഖകൾ.
റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താനായിരുന്നു ഭീകരരർ പദ്ധതിയിട്ടതെന്നും എന്നാൽ, പ്രദേശത്തെ കനത്ത പട്രോളിംഗ് മൂലം ഭീകരരുടെ പദ്ധതി പരാജയപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
സ്ഫോടനമുണ്ടായ ഹ്യുണ്ടായി ഐ 20 കാർ ഓടിച്ചിരുന്ന ഡോ. ഉമർ നബിയും ഡോ. മുസമ്മിലും തുർക്കി സന്ദർശിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
Kerala
കണ്ണൂര്‍: ഡൽഹി സ്ഫോടനത്തിനു പിന്നിൽ അര്‍ബന്‍ ഭീകരവാദികളുടെ ഗൂഢാലോചനയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയ ഉന്നത ബിരുദധാരികളാണ് അർബൻ തീവ്രവാദത്തിനു പിന്നിലുള്ളത്. ജമാഅത്തെ ഇസ്ലാമി, സലഫി എന്നിവയെ നിരോധിച്ചാല്‍ മാത്രമേ വൈറ്റ് കോളര്‍ ടെററിസത്തെ ഇല്ലാതാക്കാനാവൂ.
നേരത്തേ മദ്രസകളില്‍ പഠിപ്പിച്ചിരുന്നത് രാജ്യസ്നേഹം ഓരോ ആളുടെയും വിശ്വാസത്തിന്റെ ഭാഗമെന്നാണ്. എന്നാല്‍ തങ്ങളുടേതൊഴിച്ച് ബാക്കിയെല്ലാം തെറ്റാണെന്ന് സലഫികളും ജമാഅത്തെ ഇസ്ലാമിയും പഠിപ്പിക്കുന്നു. കാഫിറുകളെ കൊന്ന് ഷഹീദായാല്‍ സ്വര്‍ഗം കിട്ടുമെന്ന പ്രചാരണത്തിന്റെ ഭാഗമാണ് വൈറ്റ് കോളര്‍ ടെററിസ്റ്റുകളെ സൃഷ്ടിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികളാണ്. എന്‍ഡിഎ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ അദ്ഭുതം സൃഷ്ടിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ക്ഷേമവികസന പദ്ധതികളില്‍ വന്‍ പരാജയമായെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രസർക്കാർ. ചെങ്കോട്ട സ്ഫോടനത്തില്‍ കേന്ദ്രമന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു.
ഡൽഹിയിൽ ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനപ്രവർത്തിയാണ്. യുക്തിരഹിതമായ അക്രമ പ്രവൃത്തിയാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.
ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താനും നിർദ്ദേശം നല്കി. ലോകരാജ്യങ്ങൾ നൽകിയ പിന്തുണയ്ക്കും കേന്ദ്രം നന്ദി അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനയിൽ ഭാഗമായവരെയും കണ്ടെത്താൻ ശക്തവും വേഗത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകി. ഭീകരവാദികളെ സ്പോൺസർ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉന്നതതലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സേനകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പ്രവർത്തികളെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.
National
ന്യൂഡൽഹി: ഡൽഹിയെ ആശങ്കയിലാക്കിയ ആ ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തി. ഖണ്ഡവാലി ഗ്രാമത്തിൽനിന്നാണ് ഫരീദാബാദ് പോലീസ് കാർ കണ്ടെത്തിയത്. ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഭീകരർ വാങ്ങിയിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് എക്കോസ്പോർട്ടിനായി പോലീസ് ഊർജിതമായി അന്വേഷണം നടത്തിയത്.
സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. യുപി, ഹരിയാന പോലീസിനും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
അഞ്ചു പോലീസ് സംഘങ്ങളാണ് ഡൽഹിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തിയത്. അതേസമയം, സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്നാണ് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.
National
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെയും പ്രധാനമന്ത്രി കണ്ടു.
അതേസമയം ഡൽഹിയിൽ ഉടനീളം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
സ്ഫോടനത്തിനു ഉപയോഗിച്ച ഐ20ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. വാഹനം കണ്ടെത്തുന്നതിനായി കർശന പരിശോധന ആരംഭിച്ചിട്ടുnarendra modiണ്ട്.
National
ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനം ചാവേർ ആക്രമണമാണെന്നാണു ഡൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജമ്മു കാഷ്മീരിലെ പുൽവാമയിൽനിന്നുള്ള ഡോ. ഉമർ നബി ചാവേറായി സ്വയം പൊട്ടിത്തെറിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉമർ തന്നെയാണോയെന്നു സ്ഥിരീകരിക്കാൻ പുൽവാമയിലുള്ള അദ്ദേഹത്തിന്റെ അമ്മയുടെ ഡിഎൻഎ സാന്പിൾ പരിശോധിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാൽ മാത്രമേ കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉമർതന്നെയാണെന്നു സ്ഥിരീകരിക്കാൻ സാധിക്കൂ. കാറിനുള്ളിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടനമുണ്ടായ കാർ ഹരിയാനയിലെ ഫരീദാബാദിൽനിന്നാണ് ഡൽഹിയിലേക്ക് എത്തിയതെന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഫരീദാബാദിൽനിന്നു കഴിഞ്ഞദിവസം കണ്ടെത്തിയ സ്ഫോടകവസ്തുക്കളുമായി സ്ഫോടനത്തിനു ബന്ധമുണ്ടോ എന്നതടക്കം അന്വേഷണസംഘം പരിശോധിക്കുകയാണ്.
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്ക്കു കീഴിലുള്ള ആശുപത്രിയിൽ പ്രവർത്തിക്കുന്ന മുസമ്മിൽ അഹമ്മദിന്റെ വാടകവീട്ടിൽനിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മുസമ്മലിന്റെ കൂട്ടാളിയായ ഉമർ പിടിക്കപ്പെടുമെന്നായതോടെയും ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കാതെ വന്നതോടെയും ചാവേർ ആകുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകൾ എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണു പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം സർക്കാർ ഏജൻസികളോ അന്വേഷണസംഘങ്ങളോ നൽകിയിട്ടില്ല. അതേസമയം, ജമ്മു കാഷ്മീരിൽ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിച്ചുവെന്നു കരുതുന്ന ഉമറിന്റെ ബന്ധുക്കളാണിവർ.
National
ന്യൂഡൽഹി: ജമ്മു കാഷ്മീരുമായും അവിടെ പ്രവർത്തിക്കുന്ന പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദുമായുമുള്ള ഡൽഹി സ്ഫോടനത്തിന്റെ ബന്ധം സ്ഥിരീകരിച്ചു. എന്നാൽ, ജയ്ഷ് ഇ മുഹമ്മദുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകൾ കുറവാണെന്നത് സുരക്ഷാ ഏജൻസികളെ കുഴപ്പിക്കുന്നുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെയും കൂടുതൽ തെളിവുകൾ ലഭിക്കുന്നതിലൂടെയും കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ നബി അടക്കമുള്ളവർക്ക് പാക് ഭീകരഗ്രൂപ്പുകളുമായുള്ള ബന്ധം തെളിയുമെന്നാണ് സൂചന.
അതിർത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ തുടർന്നും പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ഉന്നതതല ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ലഷ്കർ ഇ തൊയ്ബയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയും തമ്മിലുള്ള രഹസ്യസഖ്യത്തിനായി പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായവും ഇത്തവണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
പാക് ഭീകരസംഘടനയായ ജയ്ഷ് മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒക്ടോബർ 27ന് ശ്രീനഗറിൽ പ്രത്യക്ഷപ്പെട്ടതു മുതൽ നടത്തിയ അന്വേഷണമാണ് ഫരീദാബാദിലെ റെയ്ഡിലേക്കും ഡോക്ടർമാരുടെ അറസ്റ്റിലേക്കും നയിച്ചത്. അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തർ പോസ്റ്റർ പതിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണു വഴിത്തിരിവായത്. അനന്ത്നാഗിലെ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഇയാളെ ചോദ്യം ചെയ്യലിൽനിന്നു കിട്ടിയ വിവരങ്ങളാണ് വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തുന്നതിലും ഡോക്ടർമാരുടെ അറസ്റ്റിലേക്കും വഴിതെളിച്ചത്.
ദേശീയ അന്വേഷണ ഏജൻസി, രഹസ്യാന്വേഷണ വിഭാഗം, ഡൽഹി പോലീസ് തുടങ്ങിയവരെല്ലാം യോജിച്ചു നടത്തിയ അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലുമാണ് ഭീകരാക്രമണത്തിന്റെ കൃത്യമായ വഴികളിലേക്കു വെളിച്ചം വീശിയത്.
National
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനം അബദ്ധത്തിലുണ്ടായതാണോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നു. ബോംബ് നിര്‍മാണം അപൂര്‍ണമായിരുന്നു എന്നതാണ് വാദത്തിനു ശക്തി പകരുന്നത്. ഫരീദാബാദില്‍നിന്നു സ്ഫോടകവസ്തുക്കള്‍ പിടികൂടിയതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഉമര്‍ നബി പരിഭ്രാന്തിയിലായിരുന്നു.
ചാവേർ ആക്രമണത്തിന്റെ രീതിയല്ല ഇയാള്‍ പിന്തുടര്ന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്തു ഗര്‍ത്തം രൂപപ്പെട്ടില്ല. ഇരുമ്പുചീളുകളോ പ്രൊജക്ടറുകളോ ഉണ്ടായിരുന്നില്ല എന്നതിനാല്‍ സ്ഫോടകവസ്തുവിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല എന്ന് അനുമാനിക്കേണ്ടിവരുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു.
നിരനിരയായി വാഹനങ്ങള്‍ നീങ്ങുന്നതിനിടെയാണ് ഐ 20 വാഹനത്തിലെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. വാഹനം ഒരിടത്തും ഇടിച്ചുകയറ്റാന്‍ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ഈ നിഗമനങ്ങള്‍ ശരിയായാല്‍ ചാവേര്‍ ആക്രമണം എന്നതില്‍നിന്നു സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ അബദ്ധത്തിലുണ്ടായ പൊട്ടിത്തെറി എന്ന നിലയിലേക്ക് കേസ് മാറും.
National
ന്യൂഡൽഹി: സ്ഫോടനത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയവരുടെയും കാണാതായ ഉറ്റവരെ തേടിയെത്തിയവരുടെയും തേങ്ങലുകളാൽ മുഖരിതമായിരുന്നു ഇന്നലെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയും പരിസരവും.
സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും ആദ്യമെത്തിച്ചത് എൽഎൻജെപി ആശുപത്രിയിലേക്കാണ്. മാരകമായി മുറിവേറ്റവർ, പൊള്ളലേറ്റവർ, കൈകാലുകൾ അറ്റുപോയവർ എന്നിങ്ങനെ സ്ഫോടനത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിധത്തിലാണ് പരിക്കേറ്റവരെയുംകൊണ്ട് ആംബുലൻസുകൾ ചീറിപ്പാഞ്ഞ് എത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞശേഷം പ്രതീക്ഷ നഷ്ടപ്പെട്ട ബന്ധുക്കളെയും ആശുപത്രി പരിസരത്തു കാണാമായിരുന്നു.
ഇന്നലെ പുലർച്ചെ മുതൽ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരിച്ചറിഞ്ഞ ആറു മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി.
ഉത്തർപ്രദേശിലെ ഷാംലി സ്വദേശിയായ നൗമാൻ അൻസാരി(22), ബിഹാർ സ്വദേശിയായ ടാക്സി ഡ്രൈവർ പങ്കജ് ചൗധരി, ഉത്തർപ്രദേശിലെ ശ്രാവസ്തി സ്വദേശി ദിനേഷ് കുമാർ മിശ്ര, ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായ ഉത്തർപ്രദേശിലെ അംറോഹ സ്വദേശി അശോക് കുമാർ, ഡൽഹി ശ്രീനിവാസ്പുരി സ്വദേശി അമർ കഠാരിയ(34), ഉത്തർപ്രദേശ് സ്വദേശി ലോകേഷ് അഗർവാൾ എന്നിവരെയാണു തിരിച്ചറിഞ്ഞത്.
Leader Page
ഇന്ത്യയുടെ പുതിയ വെല്ലുവിളിയായി വെള്ളക്കോളർ ഭീകരത. ഡൽഹി ചെങ്കോട്ടയിലെ കാർ ബോംബ് സ്ഫോടനവും അതിനു തൊട്ടുമുന്‍പ് ഫരീദാബാദിൽനിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി ഡോക്ടർമാരുടെ അറസ്റ്റും രാജ്യത്ത് പുതിയൊരു ഭീകരതയുടെ തുടക്കമായി. വൈറ്റ് കോളർ ടെറർ ഇക്കോസിസ്റ്റം എന്ന വെള്ളക്കോളർ ഭീകര ആവാസവ്യവസ്ഥ സജീവമായതിന്റെ നേർചിത്രമാണു ഡൽഹി സ്ഫോടന സംഭവങ്ങൾ.
വനിതയടക്കം ചുരുങ്ങിയത് നാലു ഡോക്ടർമാർ വെള്ളക്കോളർ ഭീകരസംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഡോക്ടർമാരാണിവർ. 2019ൽ മാത്രം എംബിബിഎസ് തുടങ്ങിയ ഈ യൂണിവേഴ്സിറ്റിയിലെ 40 ശതമാനം വിദ്യാർഥികളും ജമ്മു കാഷ്മീരിൽനിന്നുള്ളവരാണ്.
അറസ്റ്റിലായ ജമ്മു കാഷ്മീരിൽനിന്നുള്ള ഏതാനും ഡോക്ടർമാർക്ക് പാക് ഭീകരസംഘടനകളായ ജയ്ഷ് ഇ മുഹമ്മദ്, അൻസർ ഗസ്വത്തുൽ ഹിന്ദ് എന്നിവയുമായി ബന്ധമുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തൽ. ജമ്മു കാഷ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന അൽ ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ഭീകര സംഘടനയാണ് അൻസർ ഗസ്വത്തുൽ ഹിന്ദ്.
ഫരീദാബാദിൽനിന്നു വൻ സ്ഫോടകവസ്തുശേഖരം കണ്ടെടുത്തില്ലായിരുന്നെങ്കിൽ ഡൽഹിയിലും പരിസരങ്ങളും അതിഭീകര ഭീകരാക്രമണ പരന്പരയ്ക്കാണു തീവ്രവാദിസംഘം തയാറെടുത്തിരുന്നതെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നൂറുകണക്കിനു ശക്തിയേറിയ ഐഇഡികൾ നിർമിച്ച് ഡൽഹിയെ വിറപ്പിക്കാനുള്ള ഗൂഢാലോചനയും പദ്ധതിയും പൊളിഞ്ഞ രോഷത്തിൽക്കൂടിയാണ് ഉമർ അഹമ്മദ് ചാവേറാക്രമണം നടത്തിയതെന്നാണു സൂചന.
വനിതയടക്കം അഞ്ചു ഡോക്ടർമാർ
വനിതയടക്കം അഞ്ച് എംബിബിഎസ് ഡോക്ടർമാർക്കാണു ഡൽഹി കാർ ബോംബ് സ്ഫോടനവും ഫരീദാബാദ് റെയ്ഡുമായി നേരിട്ടു ബന്ധമുള്ളത്. ഇവരിലൊരാളും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ മുഹമ്മദാണ് ചാവേറായി ഭീകരാക്രമണം നടത്തിയത്. കൊല്ലപ്പെട്ട ചാവേർ ഡോ. ഉമറാണു ഭീകരാക്രമണ പദ്ധതിയുടെ സൂത്രധാരൻ എന്നാണു പോലീസിന്റെ കണ്ടെത്തൽ.
കാഷ്മീരിലെ പുൽവാമ സ്വദേശി ഡോ. മുസാമിൽ ഗനായി (35), ജമ്മു കാഷ്മീരിലെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളജിൽനിന്നു പുറത്തായ കാഷ്മീരിലെ കുൽഗാം സ്വദേശി ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരുടെ വീട്ടിലും ലോക്കറിലും നിന്നാണ് അമോണിയം നൈട്രേറ്റ് ഉൾപ്പെടെ 2,900 കിലോ ബോംബ് നിർമാണ വസ്തുക്കളും ടൈമറുകളും വിദേശനിർമിത റൈഫിളുകളും തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.
ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ കഴിഞ്ഞ മൂന്നു വർഷമായി സീനിയർ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു ഡോ. അദീൽ അഹമ്മദ്. കാന്പസിൽത്തന്നെ താമസിച്ചിരുന്നെങ്കിലും അടുത്തുള്ള ധോജ് എന്ന സ്ഥലത്ത് മുറി വാടകയ്ക്കെടുത്തായിരുന്നു ബോംബ് നിർമാണത്തിനായി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇറ്റാലിയൻ നിർമിത ബെറെറ്റ പിസ്റ്റൾ, ഐഇഡി സ്ഫോടനത്തിനുള്ള ലഘുലേഖകൾ തുടങ്ങിയവ മുറിയിലുണ്ടായിരുന്നു. ഇതേ അൽ ഫലാ യൂണിവേഴ്സിറ്റിയിലായിരുന്നു അറസ്റ്റിലായ മറ്റു ഡോക്ടർമാരും.
യുപിയിലെ ലക്നോയിൽനിന്നുള്ള വനിതാ ഡോക്ടർ ഷഹീൻ സഈദിനും ബന്ധമുണ്ടെന്നു കണ്ടെത്തി. ജയ്ഷ് ഇ മുഹമ്മദിന്റെ വനിതാവിഭാഗം സ്ഥാപിക്കാനുള്ള ചുമതലക്കാരിയായ ഡോ. ഷഹീനെയും ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കാറിൽനിന്നു റഷ്യൻ നിർമിത ക്രിങ്കോവ് റൈഫിൾ പിടിച്ചെടുത്തിരുന്നു. മുസാമിലിന്റെ പെണ് സുഹൃത്തുകൂടിയാണിവർ. ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹർ പാക്കിസ്ഥാനിൽനിന്നു നയിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് വനിതാവിഭാഗമായ ജമാഅത്ത് ഉൽ മോമിനാത്തിന്റെ ഇന്ത്യാ വിഭാഗം രൂപീകരിക്കാനായിരുന്നു പദ്ധതി.
ചൈനയിൽനിന്ന് എംബിബിഎസ് പാസായി നാട്ടിലെത്തിയ ഹൈദരാബാദിലുള്ള ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സെയ്ദും ഈ സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ് പറയുന്നു. ഹൈദരാബാദിലെ രാജേന്ദ്ര നഗറിൽ ഷവർമ കച്ചവടം നടത്തിയിരുന്ന ഈ ഡോക്ടറെ കഴിഞ്ഞ ശനിയാഴ്ചയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീനഗറിൽനിന്നുള്ള ആരിഫ് നിസാർ ദാർ, യാസിർ ഉൽ അഷ്റഫ്, മഖ്സൂദ് അഹമ്മദ് ദാർ, ഷോപ്പിയാനിൽനിന്നുള്ള മോൾവി ഇർഫാൻ അഹമ്മദ്, ഗന്ധർബലിൽനിന്നുള്ള സമീർ അഹമ്മദ് അഹാംഗർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഡോക്ടർമാരുടെ ഭീകരസംഘത്തെ സഹായിച്ചിരുന്നവരായിരുന്നു. ഫരീദാബാദിനു പുറമെ ജമ്മു കാഷ്മീരിലെ ശ്രീനഗർ, അനന്ത്നാഗ്, ഗന്ധർബാൽ, ഷോപ്പിയാൻ എന്നിവിടങ്ങളിലും സുരക്ഷാ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു.
National
ചെങ്കോട്ടയിൽ 13 പേരുടെ മരണത്തിനു കാരണമായ ആക്രമണം ഭീകരവാദമാണെന്ന സംശയം ബലപ്പെട്ടുനിൽക്കെ ആക്രമണത്തിന്റെ വേരുകൾ പടർന്നുകിടക്കുന്നത് കഴിഞ്ഞമാസം ജമ്മു കാഷ്മീരിൽ കണ്ടെത്തിയ തീവ്രവാദ അനുകൂല പോസ്റ്ററുകളിലേക്ക്.
ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന് അനകൂലമായ പോസ്റ്ററുകൾ കണ്ടെത്തിയതിനെത്തുടർന്ന് ശ്രീനഗറിൽ കഴിഞ്ഞമാസം മുതൽ പോലീസ് നടത്തിവന്ന അന്വേഷണമാണു ഫരീദാബാദിൽ ഡോക്ടർമാരടക്കമുള്ളവരുടെ അറസ്റ്റിലേക്കു നയിച്ചത്.
സ്ഫോടകവസ്തുക്കളും ആയുധങ്ങളുമുൾപ്പെടെ ഫരീദാബാദിൽ ജയ്ഷ് ഇ മുഹമ്മദ് ബന്ധമുള്ള ഭീകരരെ പിടികൂടിയെന്ന വാർത്ത പുറത്തുവന്ന ദിവസംതന്നെ ഡൽഹിയുടെ ഹൃദയഭാഗത്ത് ഭീകരർ നടത്തിയതെന്ന് സംശയിക്കുന്ന സ്ഫോടനവുമുണ്ടാകുന്നു.
പോസ്റ്ററുകളിൽ തുടങ്ങിയ അന്വേഷണം
ശ്രീനഗറിലെ ബൻപോര നൗഗം പ്രദേശത്ത് ജയ്ഷ് ഇ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ ഒക്ടോബർ 19ന് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ജമ്മു കാഷ്മീർ പോലീസ് ഇതിനു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതായിരുന്നു ഉറുദുവിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ.
യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അദീൽ അഹമ്മദ് റാത്തർ എന്ന ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ സഹറാൻപുരിൽ പിടിയിലായ അദീലിന്റെ വെളിപ്പെടുത്തലുകൾ ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാൻ ഇന്ത്യൻ "വൈറ്റ് കോളർ’ തീവ്രവാദത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചു.
ഫരീദാബാദിലെ റെയ്ഡും പിന്നാലെ സ്ഫോടനവും
ഇന്ത്യയിലെ ജയ്ഷ് ഇ മുഹമ്മദിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡോ. അദീൽ അഹമ്മദ് റാത്തറുടെ അറസ്റ്റാണ് ഡൽഹി-ഹരിയാന അതിർത്തിയായ ഫരീദാബാദിൽ 2900 കിലോ സ്ഫോടകവസ്തുക്കളടക്കം പിടികൂടുന്നതിലേക്കു നയിച്ചത്.
അമോണിയം നൈട്രേറ്റും ടൈമറുകളും പിസ്റ്റളുകളും ഐഇഡി ബോംബ് നിർമിക്കാനുള്ള സാമഗ്രികളും റെയ്ഡിലൂടെ കണ്ടെത്തിയെന്ന് തിങ്കളാഴ്ച പോലീസ് പ്രഖ്യാപിച്ചപ്പോൾത്തന്നെ ദേശീയതലസ്ഥാന പ്രദേശത്ത് ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ പദ്ധതികളെപ്പറ്റിയുള്ള സൂചനകളും വ്യക്തമായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദികളാരാണെന്നതിൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെങ്കിലും ശ്രീനഗറിൽ പ്രത്യക്ഷപ്പെട്ട ജയഷ് ഇ മുഹമ്മദ് പോസ്റ്ററുകളും ഡൽഹിയിലെ ആക്രമണവും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
International
ബെയ്ജിംഗ്/വാഷിംഗ്ടൺ: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഎസും ചൈനയും ജപ്പാനും ഇസ്രയേലും ഉൾപ്പെടെയുടെ രാജ്യങ്ങൾ.
ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച യുഎസ് ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും യുഎസ് വിദേശകാര്യവകുപ്പിലെ സൗത്ത് അൻഡ് സെട്രൽ ഏഷ്യയുടെ ചുമതലയുള്ള വിഭാഗം ആശംസിച്ചു.
ഞെട്ടിക്കുന്ന സംഭവമാണെന്നു പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ, കൊല്ലപ്പെട്ടവർക്ക് അനുശോചനവും രേഖപ്പെടുത്തി.
സ്ഫോടനത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടമായതിൽ ആഘാത ദുഃഖം രേഖപ്പെടുത്തുകയാണെന്നു പറഞ്ഞ ജപ്പാൻ പ്രധാനമന്ത്രി സനെ തകൈച്ചി പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർഥിക്കുകയാണെന്നും വ്യക്തമാക്കി.
ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുകയാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദെയോൻ സാർ, നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി സുശീല കാർകി തുടങ്ങിയവരും അനുശോചിച്ചു.
National
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ അതിർത്തി റോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.
സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്കെത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയാണു കടത്തിവിടുന്നത്. വിദേശരാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു.സ്ഫോടനത്തിനു പിന്നാലെ ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
ദരിയഗഞ്ച്, പഹർഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സ്ഫോടനത്തെത്തുടർന്ന് സന്ദർശകർക്കു പ്രവേശനം നിരോധിച്ച ചെങ്കോട്ട വെള്ളിയാഴ്ചയേ തുറക്കൂവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടക്കുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പ്രാദേശിക മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. സംശയാസ്പദമായ വ്യക്തികൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ എന്നിങ്ങനെ എല്ലാത്തര ത്തിലും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പ്രധാന മേഖലകളിലെല്ലാം വാഹനനിയന്ത്രണം ഏർപ്പെടുത്തി.
ചാവേറിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന
ചെങ്കോട്ട സ്ഫോടനത്തിൽ ഡോ. ഉമർ നബി ചാവേറായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. സാന്പിൾ ശേഖരിക്കാനായി ഉമർ നബിയുടെ അമ്മ ഷമീമ ബീഗത്തെ അന്വേഷണസംഘം ആശുപത്രിയിലെത്തിച്ചു. രണ്ട് സഹോദരന്മാരും ഒപ്പമുണ്ടായിരുന്നു.
അതേസമയം, സ്ഫോടനം നടത്തിയ കാറിന്റെ ഉടമസ്ഥരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നുപേരെ ചോദ്യംചെയ്തു. കാറിന്റെ ആദ്യ ഉടമയായ ഗുഡ്ഗാവ് സ്വദേശി മുഹമ്മദ് സൽമാൻ ഉൾപ്പെടെ മൂന്നുപേരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ഓക്ലയിലുള്ള ദേവേന്ദ്ര എന്നയാൾക്കു സൽമാൻ കാർ വിറ്റുവെന്നാണ് രേഖകൾ. ഒന്നരവർഷം മുന്‍പായിരുന്നു ഇത്.
2016 മുതൽ നാലുവർഷം മുഹമ്മദ് സൽമാൻ താമസിച്ചിരുന്ന വാടകവീടിന്റെ ഉടമ ദിനേശിനെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്. 2020 നുശേഷം സൽമാനുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ദിനേശിന്റെ സഹോദരൻ മഹേഷ് അന്വേഷണസംഘത്തോട് പറഞ്ഞു. സൽമാനൊപ്പം ഭാര്യയും രണ്ടു കുട്ടികളും അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഒരു സ്വകാര്യകന്പനിയിൽ ജോലിയാണെന്നാണ് അയൽവാസികളോട് ഇയാൾ പറഞ്ഞിരുന്നത്.
ദേവന്ദ്രയിൽനിന്നാണ് അംബാല സ്വദേശിയായ ഒരാൾ ഈ കാർ വാങ്ങിയത്. ഇയാളിൽനിന്നും പുൽവാമ സ്വദേശി താരിഖ് എന്നയാൾ കാർ സ്വന്തമാക്കി. കാർ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
National
സുരക്ഷാവലയങ്ങളുടെ കണ്ണു വെട്ടിച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ 20 കാർ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്നത് പത്തു മണിക്കൂറോളം. സ്ഫോടനം നടന്ന തിങ്കളാഴ്ച രാവിലെ 8.13ന് ഫരീദാബാദ് ഭാഗത്തുനിന്ന് ബദൽപുർ ടോൾ മാർഗം കാർ ഡൽഹിയിൽ പ്രവേശിച്ചു.
സ്കൂൾ സമയമായതിനാൽ ഡൽഹി അതിർത്തിയിൽ കൂടുതൽ പരിശോധന ഉണ്ടാകില്ലെന്ന അറിവായിരിക്കാം ഈ സമയവും വഴിയും തെരഞ്ഞെടുത്തതെന്നാണു പോലീസിന്റെ അനുമാനം. തുടർന്ന് 8.20 ഓടെ ഓഖ്ല ഇൻഡസ്ട്രിയൽ മേഖലയിലെ പെട്രോൾ പന്പിലെ സിസിടിവി ദൃശ്യങ്ങളിലും കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ മേഖലയിൽ കുറച്ചുനേരം നിർത്തിയശേഷം വൈകുന്നേരം വരെ ഡൽഹിയുടെ പല ഭാഗങ്ങളിലൂടെ കറങ്ങി 3.19ന് ചെങ്കോട്ടയുടെ പാർക്കിംഗ് പ്രദേശത്ത് എത്തുകയായിരുന്നു.
ദരിയാഗഞ്ച്, കാഷ്മീരി ഗേറ്റ്, സുനേരി മസ്ജിദിനു സമീപം സെൻട്രൽ ഓൾഡ് ഡൽഹി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണു കാർ ചെങ്കോട്ടയിലെത്തുന്നത്. മൂന്നു മണിക്കൂർ പാർക്കിംഗ് പ്രദേശത്തുണ്ടായിരുന്ന കാർ ആറരയോടെ അവിടെനിന്നു പുറത്തിറങ്ങി. പിന്നീട് വളരെ പതുക്കെ നീങ്ങി നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിൽ എത്തുന്നതിന് തൊട്ടുമുന്‍പ് 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.
1000ത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു കാറിന്റെ സഞ്ചാരം പോലീസ് കണ്ടെത്തിയത്. പ്രദേശത്തെ ഫോണ്‍കോളുകൾ പരിശോധിക്കുന്നതിന് ഫോണ്‍ ഡംപിംഗ് നടപടിയും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. കഴിഞ്ഞ ദിവസം രാത്രിതന്നെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച സുരക്ഷാ പരിശോധന ഇന്നലെയും തുടർന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും ഉൾപ്പെടെ വിപുലമായ സുരക്ഷാ പരിശോധനയാണ് ഇന്നലെ നടന്നത്. സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ കഴിഞ്ഞ ദിവസം രാത്രി തന്നെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകിയിരുന്നു.
ജനബാഹുല്യമുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധനയുണ്ടായത്. കൊച്ചി മെട്രോയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
തിരുവനന്തപുരത്ത് തമ്പാനൂർ, പേട്ട തുടങ്ങി റെയിൽവേ സ്റ്റേഷനുകളിലും സെൻട്രൽ ബസ്സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലും പരിശോധന നടന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പരിശോധനയിൽ പങ്കെടുത്തു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കേണ്ടതാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി സുപ്രീംകോടതി.
വിനാശകരമായ ദുരന്തമെന്നാണു ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ് സ്ഫോടനത്തെ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടമായവർക്ക് രാജ്യത്തെ പരമോന്നത കോടതിയുടെ പേരിൽ ചീഫ് ജസ്റ്റീസ് ഗവായ് അനുശോചനം അറിയിക്കുകയും ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഫുൾ കോർട്ട് ചേർന്നുകൊണ്ടായിരുന്നു അനുശോചനച്ചടങ്ങ് സംഘടിപ്പിച്ചത്. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും ഓരോ പൗരനൊപ്പവും രാജ്യത്തെ നീതിന്യായ സംവിധാനം ഒപ്പമുണ്ടാകുമെന്നും സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാർ സ്ഫോടനത്തിൽ അഗാധമായ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണു നടന്നതെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും സിബിസിഐ അറിയിച്ചു.
അവരുടെ അതിയായ ദുഃഖസമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അവരോടൊപ്പമുണ്ടെന്നും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നുവെന്നും സിബിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ ഇടവക വൈദികരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അവരുടെ പള്ളികളിലോ സമീപപ്രദേശങ്ങളിലോ സംശയാസ്പദമായ പ്രവർത്തനങ്ങളോ അനാഥമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
Kerala
തൃശൂർ: അന്വേഷണം എങ്ങനെ പോകുന്നുവെന്നു പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും ഡൽഹിയിലെ കാർ സ്ഫോടനത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രാജസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിൽ എട്ടുതവണയാണ് ഇതുപോലെയുള്ള ശ്രമങ്ങൾ നമ്മൾ തടഞ്ഞത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കേറ്റ മുറിവാണ് സ്ഫോടനം. കുറ്റവാളികളെയും അവരെ സഹായിച്ചവരെയും ശക്തമായി നേരിടും.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണു നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്രസർക്കാർ ശക്തമായി മുന്നോട്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
National
ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളിൽ ഇതു വലിയ ആശങ്ക പരത്തി.
സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റർ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റർ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാർക്കറ്റുകളിലൊന്നായ ഓൾഡ് ലജ്പത് റായ് മാർക്കറ്റ്.
500 മീറ്റർ അകലെ ഡൽഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. പരന്പരാഗതമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്.
നിത്യേന ആയിരക്കണക്കിനു സഞ്ചാരികളാണ് ചെങ്കോട്ട സന്ദർശിക്കാനെത്തുന്നത്. ഇതിൽ നല്ലൊരുപങ്ക് സഞ്ചാരികളും മെട്രോയിലെത്തി ഇന്നലെ സ്ഫോടനം നടന്ന റോഡിലൂടെ നടന്നാണ് ചെങ്കോട്ടയിലെത്തുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ്.
തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കിൽ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ കൂട്ടി. കേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താനും ഡിജിപി രവാഡ ചന്ദ്രശേഖർ നിർദേശം നൽകി.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമുൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പരിശോധന നടക്കുകയാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്.റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലുമാണ് പരിശോധന നടത്തുന്നത്.
കേരളത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം, റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശം നൽകി.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം. മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് പ്രധാനസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും എല്ലാ ജില്ലകളിലും പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകി. ഈ സംസ്ഥാനങ്ങളിലെ ചില പ്രത്യേക മേഖലകളിൽ പട്രോളിംഗും പരിശോധനയും വർധിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
രാജസ്ഥാനിലും വലിയ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. എല്ലാ റേഞ്ച് ഇൻസ്പെക്ടർ ജനറൽമാർക്കും ജില്ലാ സൂപ്രണ്ടുമാർക്കും ചില പ്രത്യേക പോലീസ് സ്റ്റേഷനുകൾക്കും അതീവ ജാഗ്രത പാലിക്കാൻ ഡിജിപി രാജീവ് ശർമ നിർദേശം നൽകി.
രാജസ്ഥാനിലെ അതിർത്തി ജില്ലകളിലെ പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലും സുരക്ഷ വർധിപ്പിച്ചു. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തി സുരക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) പുറമേ, പ്രാദേശിക പോലീസിനും ജാഗ്രതാ നിർദേശം നൽകി.
നേപ്പാൾ അതിർത്തി കടക്കുന്ന എല്ലാവരെയും ബിഎസ്എഫും രഹസ്യാന്വേഷണ വിഭാഗവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് രാത്രി 6.55ഓടെയാണ് അതീവ സുരക്ഷാ മേഖലയിൽ സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സംഭവം. മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്ഫോടനത്തെ തുടർന്നു ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. വിവരമറിഞ്ഞ് ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തീ നിയന്ത്രണവിധേയമാക്കി.
ഡൽഹി പോലീസിന്റെ സ്പെഷല്‍ സെല്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് മെട്രോസ്റ്റേഷന് പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കി. പ്രദേശത്തെയ്ക്കുള്ള ഗതാഗതവും നിരോധിച്ചു. മേഖലയില്‍നിന്നും ജനങ്ങളെയും ഒഴിപ്പിച്ചു. സംഭവത്തെ തുടർന്നു ഡൽഹിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.